ഇളങ്ങുളം: പൊൻകുന്നം - പാലാ റോഡിലെ ഇളങ്ങുളം എസ്എൻഡിപി കവലയിലെ കാത്തിരിപ്പുകേന്ദ്രം മുകളിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മൂലം അപകടഭീതിയിൽ. മൂന്നുവർഷം മുന്പ് മരം വീണ് തകർന്ന കാത്തിരിപ്പുകേന്ദ്രം ഏതാനും മാസം മുന്പാണ് എസ്എൻഡിപി യോഗം 44-ാം നമ്പർ ഇളങ്ങുളം ശാഖ പുനർനിർമിച്ചത്. വർഷങ്ങളായി കാത്തിരിപ്പുകേന്ദ്രത്തിനായി ജനപ്രതിനിധികളോടും പൊതുമരാമത്ത് വകുപ്പിനോടും അപേക്ഷിച്ചിട്ടും പുനർനിർമിച്ചില്ല.
മഴക്കാലത്ത് ഇവിടെ യാത്രക്കാർക്ക് കയറിനിൽക്കാൻ കടത്തിണ്ണ പോലുമില്ല. ഈ ദുരിതം കണ്ടുമടുത്തതിനാലാണ് തറ മാത്രമുണ്ടായിരുന്ന സ്ഥലത്ത് യോഗം പ്രവർത്തകർ മുന്നിട്ടിറങ്ങി നാൽപ്പതിനായിരം രൂപയോളം ചെലവഴിച്ച് കാത്തിരിപ്പുകേന്ദ്രം പുനർനിർമിച്ചത്.
കാത്തിരിപ്പുകേന്ദ്രം പുനർനിർമിച്ച് ഏതാനും ദിവസങ്ങൾക്കകം മറ്റൊരിടത്തെ ട്രാൻസ്ഫോർമർ ഇതിനടുത്തേക്ക് മാറ്റി സ്ഥാപിച്ചു. അതിനാൽ ഇനിയൊരു മരം വീണാൽ കൂടുതൽ അപകടമുണ്ടാകുമെന്ന ഭയപ്പാടിലാണ് പ്രദേശവാസികൾ.
മഴയും കാറ്റുമുള്ളപ്പോൾ ഇതിന് പിന്നിലെ പറമ്പിലെ മരങ്ങൾ ഉലഞ്ഞ് മുകളിലേക്ക് എത്തുന്നുണ്ട്. വർഷങ്ങളായി ആൾത്താമസമില്ലാത്ത പറമ്പിൽ റോഡരികിൽ വലിയ പാഴ്മരങ്ങളാണ് നിൽക്കുന്നത്. തർക്കത്തിൽപ്പെട്ട സ്ഥലമായതിനാൽ ഇക്കാര്യം ശ്രദ്ധിക്കാനാരുമില്ല.